യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമം; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ധാരണ; സമാധാന കരാര്‍ ജൂണ്‍ 19-ന് ഒപ്പുവെക്കും

Published by
ജനം വെബ്‌ഡെസ്ക്

വാഷിംഗ്ടണ്‍: അന്താരാഷ്‌ട്ര തലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ച 107 ദിവസം നീണ്ടുനിന്ന യുഎസ് – ഇറാന്‍ യുദ്ധത്തിന് വിരാമമാകുന്നു. യുദ്ധം അവസാനിപ്പിക്കാനും ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള കരാറിന് ഇരുരാജ്യങ്ങളും അന്തിമരൂപം നല്‍കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രാത്രി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വരാനിരിക്കുന്ന ജൂണ്‍ 19 വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക സമാധാന കരാര്‍ ഒപ്പുവെക്കുക. ഔദ്യോഗികമായി കരാര്‍ ഒപ്പുവെച്ചതിന് ശേഷം വെള്ളിയാഴ്ച തന്നെ ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുമെന്നും ഈ മഹത്തായ കരാര്‍ മേഖലയിലാകെ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പുതിയ കരാര്‍ പ്രകാരം ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തെക്കുറിച്ചും, അവര്‍ ഇതിനകം ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കി വെച്ചിട്ടുള്ള യുറേനിയം ഒഴിവാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇരുരാജ്യങ്ങള്‍ക്കും 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ യുഎസും ഇറാനും തമ്മില്‍ ഇതിനായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും.

അതേസമയം, ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലെയും യുദ്ധവും സൈനിക നടപടികളും ഇന്നുരാത്രി മുതല്‍ ശാശ്വതമായി അവസാനിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ ശക്തമായ ആക്രമണം ആരംഭിച്ചത്. 107 ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തില്‍ ഇറാന്റെ പ്രമുഖരായ ഒട്ടുമിക്ക ഉന്നത നേതാക്കളും കൊല്ലപ്പെട്ടു.

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍, പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

അലി ഖമേനിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും, യുദ്ധം ആരംഭിച്ചതുമുതല്‍ ഇതുവരെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ജൂണ്‍ 19-ലെ സമാധാന കരാറോടെ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിന് വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share