നൂറ് വർഷമായി തുറന്ന മൈതാനങ്ങളിലാണ് ശാഖകൾ നടത്തുന്നത്; പുതിയതായി ഒരു രജിസ്ട്രേഷന്റെ ആവശ്യമില്ല; ഇത്തരം നിർദ്ദേശങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ താത്പര്യം: ഡോ. മോഹൻ ഭാഗവത്

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ:  ഒരു നൂറ്റാണ്ടായി ഭാരതത്തിൽ സുതാര്യമായി പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നും ഇനി പുതിയതായി ഒരു രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നും സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.  കർണാടക സർക്കാരിന്റെ പുതിയ നിർദ്ദേശത്തെക്കുറിച്ചുള്ള  ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംഘ ശതാബ്ദിയോടനുബന്ധിച്ച് തൃശൂർ ഹയാത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇക്കാര്യത്തിൽ സംഘത്തിന് യാതൊരു ആശങ്കയുമില്ല. രാജ്യത്ത് എല്ലായിടത്തും നൂറ് വർഷമായി തുറന്ന മൈതാനങ്ങളിലാണ് ആർ.എസ്.എസ്. ശാഖകൾ നടത്തുന്നത്. യാതൊരു രഹസ്യങ്ങളുമില്ല. സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് സമൂഹത്തിന് ബോധ്യമുണ്ട്. ഇത്തരം നിർദ്ദേശങ്ങൾക്കു പിന്നിൽ രാഷ്‌ട്രീയ താത്പര്യങ്ങൾ മാത്രമാണുള്ളത്.

ഇവരുടെ മുൻഗാമികളും സംഘത്തിനു മേൽ ഇത്തരം നിയന്ത്രണങ്ങളേർപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. അതിനെയെല്ലാം സംഘം അതിജീവിക്കുകയാണ് ചെയ്തത്. ചിലയിടങ്ങളിൽ കൃസ്ത്യൻ മിഷനറിമാർക്കു നേരെ നടന്ന അക്രമ സംഭവങ്ങളിൽ സംഘത്തിന് പങ്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. അത്തരം അക്രമങ്ങളെ സംഘം അംഗീകരിക്കുന്നില്ല. മതപരിവർത്തന ശ്രമങ്ങൾ പലയിടത്തും ഇത്തരം സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണം

സ്വയം പ്രേരിതമായി മതം മാറുന്നതിൽ സംഘം എതിരല്ല. ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതോ ബലമായി മതപരിവർത്തനം നടത്തുന്നതോ തെറ്റാണ്. ചർച്ചകളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണം. അക്രമം കാണിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share