തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര വെറും ഓർഡിനറിയിൽ മാത്രം പരിമിതപ്പെടുത്തിയതിൽ രൂക്ഷവിമർശനവുമായി നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ലെന്നും, തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ‘ഇന്ദിര ഗ്യാരണ്ടിയിൽ’ നിന്ന് കോൺഗ്രസ് പിന്നോട്ട് പോകുന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
വോട്ട് നേടാൻ വേണ്ടി എല്ലാ ബസുകളിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, അധികാരത്തിൽ വന്നതിന് ശേഷം ആ വാഗ്ദാനത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്. സമാനമായ വാഗ്ദാനം നൽകിയ ബംഗാളിലെ ബി.ജെ.പി സർക്കാർ, എല്ലാ സർക്കാർ ബസുകളിലും അത് കൃത്യമായി നടപ്പിലാക്കി കാണിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുക എന്നത് കോൺഗ്രസ് സർക്കാരുകളുടെ ഒരു സ്ഥിരം ശൈലിയാണ്. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കാണിച്ച അതേ വഞ്ചന തന്നെയാണ് കോൺഗ്രസ് ഇപ്പോൾ കേരളത്തിലും ആവർത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല.
“സ്ത്രീകൾക്കുള്ള സൗജന്യ യാത്ര” പദ്ധതിയുടെ നേമത്തെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനായി എന്നെ ക്ഷണിച്ചതിന് കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയ്‌ക്ക് ഞാൻ നന്ദി അറിയിക്കുന്നു.
പ്രധാനമന്ത്രി Narendra Modi ജിയുടെ #SabkaSaathSabkaVikas എന്ന ലക്ഷ്യത്തിലൂന്നിയുള്ള സ്ത്രീശാക്തീകരണ-ജനക്ഷേമ പദ്ധതികളെ ശക്തമായി പിന്തുണയ്‌ക്കുന്നയാളാണ് ഞാൻ. എന്നാൽ വ്യക്തമായ ചില നിലപാടുകളുടെ അടിസ്ഥാനത്തിൽ “സ്ത്രീകൾക്കുള്ള സൗജന്യ യാത്ര” പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്.
കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സാധാരണ ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള V D Satheesan സർക്കാരിന്റെ തീരുമാനം, തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ‘ഇന്ദിര ഗ്യാരണ്ടി’ വാഗ്ദാനത്തിൽ നിന്ന് Indian National Congress പിന്നോട്ട് പോകുന്നതിന്റെ വ്യക്തമായ തെളിവാണ്.
വോട്ട് നേടാൻ വേണ്ടി എല്ലാ ബസുകളിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, അധികാരത്തിൽ വന്നതിന് ശേഷം ആ വാഗ്ദാനത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്.
സമാനമായ വാഗ്ദാനം നൽകിയ ബംഗാളിലെ ബി.ജെ.പി സർക്കാർ, എല്ലാ സർക്കാർ ബസുകളിലും അത് കൃത്യമായി നടപ്പിലാക്കി കാണിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുക എന്നത് കോൺഗ്രസ് സർക്കാരുകളുടെ ഒരു സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണ്. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കാണിച്ച അതേ വഞ്ചന തന്നെയാണ് കോൺഗ്രസ് ഇപ്പോൾ കേരളത്തിലും ആവർത്തിക്കുന്നത്.
വോട്ടിനായി വാഗ്ദാനങ്ങൾ നൽകുകയും, ജയിച്ച ശേഷം ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒരേ നിലപാടാണ്. അവർ രണ്ടല്ല, ഒന്നാണ്.
ഈ തട്ടിപ്പ് കേരളത്തിൽ ഇനിയും ഇതുപോലെ ആവർത്തിക്കാൻ ഞാനോ ബി.ജെ.പി/എൻ.ഡി.എ മുന്നണിയോ അനുവദിക്കില്ല. ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനവും പാലിക്കപ്പെടുന്നത് വരെ, നിയമസഭയ്‌ക്കുള്ളിലും പുറത്തും സർക്കാരിനെതിരെ ഞങ്ങൾ ശക്തമായി നിലകൊള്ളും. അതിന്റെ ഭാഗമായിട്ടാണ് ഇന്ന് കേരളത്തിലുടനീളം ബി.ജെ.പി/എൻ.ഡി.എ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.