തിരുവനന്തപുരം ; വിഴിഞ്ഞം അന്താരാഷ്‌ട്ര സീപോർട്ട് ലിമിറ്റഡിന്റെ പേരിൽ വ്യാജ കരാർ രേഖകളും ടെൻഡർ ഡോക്യുമെന്റുകളും തയ്യാറാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സിഇഒയുടെ പരാതിയെ തുടർന്ന് തമ്പാനൂർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
മലപ്പുറം സ്വദേശിയായ സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്‌ട്ര ഡീപ്പ് വാട്ടർ കണ്ടെയ്‌നർ ട്രാൻഷിപ്പ്‌മെന്റ് പോർട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ കരാർ ലഭിച്ചതായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാജ രേഖകൾ തയ്യാറാക്കിയതായാണ് ആരോപണം.
വ്യാജ രേഖകളിൽ മുൻ വിഴിഞ്ഞം സിഎംഡി ദിവ്യ എസ്. അയ്യരുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, അവരുടെ ഡിജിറ്റൽ ഒപ്പ് വരെ വ്യാജമായി നിർമ്മിച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. ഈ രേഖകൾ ഉപയോഗിച്ച് വിവിധ വ്യക്തികളിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതി കൊച്ചിയിൽ ഒരു ആഡംബര ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ച്, സമൂഹത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി തന്റെ “ബിസിനസ് കരാർ” സംബന്ധിച്ച് വിശ്വാസ്യത സൃഷ്ടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഈ പരിപാടിയിലൂടെയാണ് വലിയ നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് നിഗമനം.
വ്യാജ ടെൻഡർ രേഖകൾ കാണിച്ച് വിവിധരിൽ നിന്ന് പണം കൈപ്പറ്റിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുന്നു.