കൊച്ചി നഗരത്തിന് ആശ്വാസമാകാന്‍ അങ്കമാലി-അരൂര്‍ ബൈപ്പാസ്; കേന്ദ്രത്തിന്റെ പച്ചക്കൊടി, സ്ഥലമേറ്റെടുപ്പ് ഉടന്‍

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ദേശീയപാത വികസന രംഗത്ത് നിര്‍ണായക മുന്നേറ്റമായി അങ്കമാലി-അരൂര്‍ ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്‌ക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി സ്ഥലമേറ്റെടുപ്പിനായുള്ള ‘3എ’ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍പ് ആലോചിച്ച അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസിന് പകരമായാണ് പുതിയ റൂട്ടിന് അംഗീകാരം ലഭിച്ചത്.

നേരത്തേ നിര്‍ദേശിച്ച പാതയില്‍ സ്ഥലമേറ്റെടുപ്പും ട്രാഫിക് പഠനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഉയര്‍ന്നതോടെയാണ് പദ്ധതി പുനഃസംഘടിപ്പിച്ചത്. പുതിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അങ്കമാലിയില്‍ നിന്ന് അരൂര്‍ വരെ നീളുന്ന ഏകദേശം 50 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

70 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്ത് ആദ്യഘട്ടത്തില്‍ എട്ട് വരിപ്പാതയായി നിര്‍മിക്കുന്ന റോഡ്, ഭാവിയില്‍ ആവശ്യാനുസരണം പത്ത് വരിപ്പാതയാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്. കേന്ദ്രാനുമതി ലഭിച്ചതോടെ ദേശീയപാത അതോറിറ്റി സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കും. ഇതിനായുള്ള പ്രാഥമിക വിജ്ഞാപനം പുറത്ത് വന്നാല്‍ ബാധിത ഭൂമികളുടെ സര്‍വേ വിവരങ്ങളും വ്യക്തമാകും.

പദ്ധതി യാഥാര്‍ഥ്യമായാല്‍ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കാതെ തന്നെ വടക്കന്‍ കേരളത്തെയും തെക്കന്‍ ജില്ലകളെയും ബന്ധിപ്പിക്കുന്ന ഗതാഗതം കൂടുതല്‍ സുഗമമാകും. ഇടപ്പള്ളി-വൈറ്റില-അരൂര്‍ ദേശീയപാതയിലെ വാഹനത്തിരക്ക് കുറയ്‌ക്കുന്നതിലും പുതിയ ബൈപ്പാസ് നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

Share