ന്യൂഡൽഹി: യാത്രക്കാരുടെ നിയമലംഘനങ്ങൾ തടയുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ വിജ്ഞാപനം പുറത്തിറക്കി. വിവിധ നിയമലംഘനങ്ങൾക്ക് പിഴത്തുക ഗണ്യമായി വർധിപ്പിച്ചാണ് പുതിയ നടപടി.
ടിക്കറ്റില്ലാത്ത യാത്രകൾക്ക് ഇനി കൂടുതൽ തുക പിഴയായി അടയ്‌ക്കേണ്ടിവരും. 1989 ലെ റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തിയതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ നിരക്കുകൾ ജൂൺ 20 മുതൽ പ്രാബല്യത്തിൽ വന്നു.
ടിക്കറ്റില്ലാ യാത്രയ്‌ക്കുള്ള പിഴ യാത്രയുടെ ദൂരം, കോച്ച് വിഭാഗം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും. ജനറൽ കോച്ച് മുതൽ എ.സി. കോച്ചുകൾ വരെ വ്യത്യസ്ത നിരക്കുകളിലാണ് പുതുക്കിയ പിഴ നിർണയിച്ചിരിക്കുന്നത്.
പുകവലി പോലുള്ള നിയമലംഘനങ്ങൾക്ക് 2000 രൂപ പിഴ ഈടാക്കും. ഭിക്ഷാടനം നടത്തിയാൽ 2000 രൂപയും പിഴയായി നൽകേണ്ടിവരും. അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപ വരെ പിഴ ചുമത്തും. സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്ത ഇടങ്ങളിൽ അനധികൃത പ്രവേശനം നടത്തിയാൽ 2500 മുതൽ 5000 രൂപ വരെ പിഴ ഈടാക്കും.
മദ്യപിച്ചുള്ള യാത്രയ്‌ക്ക് 1000 രൂപ പിഴയും സാമൂഹ്യ സേവന ശിക്ഷയും ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
മെയിൽ/എക്സ്പ്രസ് വണ്ടികളിലെ ടിക്കറ്റില്ലാ യാത്രയുടെ കുറഞ്ഞ പിഴ: ജനറൽ കോച്ച് (50 കി.മീറ്റർ വരെ)- 570 രൂപ (മുൻപ് 320 രൂപ), സിറ്റിങ് റിസർവ്ഡ് (50 കി.മിറ്റർ) – 585 രൂപ (മുൻപ് 335 രൂപ), സ്ലീപ്പർ (200 കി.മിറ്റർ) – 780 രൂപ (മുൻപ് 530 രൂപ), എ.സി. ചെയർകാർ (150 കി.മീറ്റർ) -1025 രൂപ (മുൻപ് 765 രൂപ).
തേർഡ് എ.സി. (300 കി.മിറ്റർ) – 1525 രൂപ (മുൻപ് 1480 രൂപ), സെക്കൻഡ് എ.സി. (300 കി.മിറ്റർ) – 2070 രൂപ (മുൻപ് 2070 രൂപ). മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുന്നതോ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യസ്ഥാനത്തിന് അപ്പുറത്തേക്ക് യാത്ര ചെയ്യുന്നതോ ആയ യാത്രക്കാർക്ക് റെയിൽവേ നിയമങ്ങൾ പ്രകാരം പിഴകൾ നേരിടേണ്ടിവരും.
നിയമലംഘനങ്ങൾ തടയാനും യാത്ര സുരക്ഷയും ക്രമവും ഉറപ്പാക്കാനും വേണ്ടിയാണ് നടപടിയെന്ന് റെയിൽവേ വ്യക്തമാക്കുന്നു. ടിക്കറ്റില്ലാ യാത്രക്കാരിൽ നിന്ന് മാത്രമായി കോടിക്കണക്കിന് രൂപയുടെ പിഴ വരുമാനം ലഭിക്കുന്ന സാഹചര്യത്തിൽ, പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.