ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

Published by
ജനം വെബ്‌ഡെസ്ക്

ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന നീക്കങ്ങളിലൊന്നായി മാറുകയാണ് ഋഷഭ് പന്തും കുല്‍ദീപ് യാദവും ഉള്‍പ്പെട്ട വമ്പന്‍ ട്രേഡ്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് നിര്‍ണായക താരങ്ങള്‍ ടീമുകള്‍ കൈമാറുന്നതോടെ അടുത്ത സീസണിലെ ശക്തിസമവാക്യങ്ങള്‍ തന്നെ മാറുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

വിക്കറ്റ് കീപ്പര്‍-ബാറ്ററായ ഋഷഭ് പന്ത് വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജേഴ്‌സിയണിയാന്‍ ഒരുങ്ങുമ്പോള്‍, ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍മാരില്‍ ഒരാളായ കുല്‍ദീപ് യാദവ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ ചരിത്രത്തിലെ ശ്രദ്ധേയമായ ട്രേഡ് നീക്കങ്ങളില്‍ ഒന്നായാണ് ഈ മാറ്റത്തെ ക്രിക്കറ്റ് ലോകം കാണുന്നത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം, ലഖ്‌നൗവില്‍ ലഭിച്ചിരുന്ന വമ്പന്‍ കരാറിനെക്കാള്‍ കുറഞ്ഞ പ്രതിഫലം സ്വീകരിച്ചാണ് പന്ത് പഴയ തട്ടകത്തിലേക്ക് മടങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ കരാര്‍ പ്രകാരം 15 കോടി രൂപയാണ് ഡല്‍ഹിയില്‍ പന്തിന് ലഭിക്കുക. നിലവിലെ പ്രതിഫലത്തേക്കാള്‍ ഏകദേശം 12 കോടി രൂപ കുറവാണിത്. റെക്കോര്‍ഡ് തുകയ്‌ക്ക് ടീമുമാറിയ ഒരു താരം പിന്നീട് കുറഞ്ഞ തുകയ്‌ക്ക് പഴയ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങുന്നത് അപൂര്‍വ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, കുല്‍ദീപ് യാദവിന്റെ സാന്നിധ്യം ലഖ്‌നൗവിന്റെ ബൗളിങ് നിരയ്‌ക്ക് വലിയ കരുത്താകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മധ്യ ഓവറുകളില്‍ മത്സരം തിരിച്ച് പിടിക്കാന്‍ കഴിവുള്ള സ്പിന്നറെന്ന നിലയില്‍ കഴിഞ്ഞ സീസണുകളില്‍ ഡല്‍ഹിയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് കുല്‍ദീപ്. 13.5 കോടി രൂപയുടെ നിലവിലെ കരാറില്‍ തന്നെയാണ് താരം പുതിയ ടീമിലേക്ക് മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പന്തിന്റെ മടക്കം ഡല്‍ഹി ആരാധകര്‍ക്ക് ഒരു ട്രാന്‍സ്ഫര്‍ മാത്രമല്ല, വികാരനിര്‍ഭരമായ ‘ഹോംകമിങ്’ കൂടിയാണ്. ഒമ്പത് സീസണുകള്‍ ഡല്‍ഹിക്കായി കളിച്ച താരം നാല് സീസണുകളില്‍ ടീമിനെ നയിക്കുകയും ഫ്രാഞ്ചൈസിയുടെ മുഖമായി മാറുകയും ചെയ്തിരുന്നു. പിന്നീട് മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്‌ക്ക് ലഖ്‌നൗ സ്വന്തമാക്കിയെങ്കിലും പ്രതീക്ഷിച്ച സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ ടീമിനോ താരത്തിനോ സാധിച്ചിരുന്നില്ല.

ഈ ട്രേഡ് യാഥാര്‍ഥ്യമായാല്‍ ഡല്‍ഹിക്ക് പരിചയസമ്പന്നനായ ഒരു നായകതാരത്തെ തിരിച്ചുകിട്ടുകയും, ലഖ്‌നൗവിന് മത്സരഫലം മാറ്റിമറിക്കാന്‍ ശേഷിയുള്ള ലോകോത്തര സ്പിന്നറെ സ്വന്തമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഐപിഎല്‍ അടുത്ത സീസണിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി ഈ താരമാറ്റം മാറാനാണ് സാധ്യത.

Share