ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ധാരണ രൂപപ്പെട്ടതോടെ ആഗോള വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം വീണ്ടും സജീവമായി. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ക്രൂഡ് ഓയില്‍, എല്‍പിജി, വളം എന്നിവയുമായി 11 കപ്പലുകള്‍ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ട് ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതോടൊപ്പം രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെട്ടതായും അധികൃതര്‍ വ്യക്തമാക്കി. മേഖലയിലെ സമുദ്രഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
ഇന്ത്യയിലേക്ക് എത്തിയ കപ്പലുകളില്‍ മൂന്ന് ഇന്ത്യന്‍ പതാക വഹിക്കുന്ന എണ്ണക്കപ്പലുകളും ഉള്‍പ്പെടുന്നു. ഓരോ കപ്പലിലും ഏകദേശം 28,500 മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ വീതമുണ്ട്. കൂടാതെ ഒരു വിദേശ എണ്ണക്കപ്പല്‍, ഒരു എല്‍പിജി കപ്പല്‍, വളം കയറ്റിയ ആറ് വിദേശ ബള്‍ക്ക് കാരിയറുകള്‍ എന്നിവയും ഈ സംഘത്തിലുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടന്നിരുന്ന പത്ത് ഇന്ത്യന്‍ കപ്പലുകള്‍ക്കും ഉടന്‍ മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയും ഇറാനും തമ്മില്‍ 14 ഇനങ്ങളടങ്ങിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെയാണ് മേഖലയില്‍ സ്ഥിതി ശാന്തമാകുകയും ചരക്കുനീക്കം സുഗമമാകുകയും ചെയ്തത്.
ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. നിലവില്‍ റഷ്യയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരന്‍. സൗദി അറേബ്യ, ഇറാഖ്, യുഎഇ, അമേരിക്ക എന്നിവയും ഇന്ത്യയുടെ പ്രധാന ഇന്ധന പങ്കാളികളായി തുടരുന്നു.
അതേസമയം, അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് പിന്നാക്കം പോയ ഇറാന്‍ വീണ്ടും ഇന്ത്യയുമായി എണ്ണവ്യാപാരം പുനരാരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഉടന്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.