കൊട്ടാരക്കര: മുക്കോണിമുക്കിൽ മൂന്ന് ജീവനുകൾ കവർന്ന ടിപ്പർ ദുരന്തത്തിന് പിന്നാലെ ഒടുവിൽ നടപടി. വാഹനത്തിന് ഫിറ്റ്നസ് അനുവദിച്ചതിൽ ഗുരുതര വീഴ്ചയെന്ന ആരോപണത്തെ തുടർന്ന് രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.
അപകടം സൃഷ്ടിച്ച ടിപ്പർ ലോറി 17 വർഷം പഴക്കമുള്ളതായിരുന്നു. നിരവധി തവണ നിയമലംഘനങ്ങൾക്ക് പിടിയിലായിരുന്ന വാഹനത്തിന് എങ്ങനെ വീണ്ടും ഫിറ്റ്നസ് ലഭിച്ചു എന്നത് ഗൗരവമുള്ള ചോദ്യമാണ്. അതിലും ഞെട്ടിക്കുന്നത്, ലോറി ഓടിച്ച ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് പോലും ഉണ്ടായിരുന്നില്ല എന്നതാണ്.
മണ്ണ് കയറ്റിവന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേർ അപകടത്തിൽപ്പെട്ടു. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പ്രതാപ് , നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ എന്നിവരാണ് മരിച്ചത്.
അശ്രദ്ധ, അഴിമതി, അനാസ്ഥ ഇവയുടെ വില സാധാരണക്കാർക്ക് ജീവൻകൊണ്ടാണോ അടയ്‌ക്കേണ്ടത്, മൂന്ന് ജീവൻ നഷ്ടമായ ശേഷമേ സംവിധാനങ്ങൾ ഉണരുകയുള്ളോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും ഉണരുന്നു.