കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ദുരൂഹതയ്‌ക്ക് വിരാമം. കഴിഞ്ഞ ദിവസം കല്ലറ തുറന്ന് നടത്തിയ വിശദമായ പരിശോധനയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ വസ്തു മൂന്നാമത്തെ മൃതദേഹമല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
നേരത്തെ നടന്ന രണ്ട് സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട പെട്ടിക്കുള്ളിൽ നിന്നുണ്ടായ മാറ്റങ്ങളാലാണ് പായ പുറത്തേക്ക് വന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നത്. ഇതോടെ കല്ലറയിൽ അധിക മൃതദേഹം ഉണ്ടെന്ന സംശയം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകുന്നു.
കഴിഞ്ഞ ആഴ്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കു പുറത്തായി അസാധാരണമായ രീതിയിൽ പായ കണ്ടെത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ ഇവിടെ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് മുൻപ് സംസ്‌കരിച്ചിരുന്നതെന്ന് വ്യക്തമായി. ഇതോടെയാണ് പള്ളി അധികൃതർ ദുരൂഹത നീക്കുന്നതിനായി പരിശോധന ആവശ്യപ്പെട്ടത്.
ആർഡിഒയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ കല്ലറ തുറന്ന് വിശദ പരിശോധന നടത്തിയത്. സാമൂഹിക പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ് അടക്കമുള്ളവർ പരിശോധനയിൽ പങ്കെടുത്തു.
ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ നിലയിൽ സംസ്‌കാരം നടത്താറില്ലാത്തതിനാൽ തന്നെ സംഭവത്തിൽ ആദ്യം സംശയം ഉയർന്നിരുന്നു. തുടർന്ന് പോലീസ് പരിശോധനയും രേഖാ പരിശോധനയും ശക്തമാക്കി.
2006-ലും 2015-ലുമാണ് ഈ കല്ലറയിൽ മുൻപ് സംസ്‌കാരങ്ങൾ നടന്നത്. 2006-ൽ സംസ്‌കരിച്ച വ്യക്തിയുടെ കുടുംബം അന്നത്തെ ഇടവകയിലെ സ്ഥിരതാമസക്കാരായിരുന്നു. 2015-ൽ സംസ്‌കരിച്ച ജെയിംസിന്റെ കുടുംബം പിന്നീട് പേരാവൂർ ഈരായിക്കൊല്ലിയിലേക്ക് താമസം മാറിയിരുന്നു.
ജെയിംസിന്റെ ഭാര്യയെ ഉൾപ്പെടെ സെമിത്തേരിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ 38-ാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട സംശയങ്ങൾ മുഴുവൻ നീങ്ങിയതായി അധികൃതർ അറിയിച്ചു.