വാഹന മോഡിഫിക്കേഷൻ നിയന്ത്രണം; പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റം (മോഡിഫിക്കേഷൻ) സംബന്ധിച്ച് പഠനം നടത്തുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് അംഗങ്ങളാകുക. ജൂലൈ 1 മുതൽ സമിതി പ്രവർത്തനം ആരംഭിക്കും.

നിശ്ചിത ഫീസ് അടച്ച് നിയമപരമായി അനുവദിക്കാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക, വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കൽ, നിറം മാറ്റം തുടങ്ങിയ വിഷയങ്ങൾ വിലയിരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. പഠനം രണ്ട് വിഭാഗങ്ങളായി തിരിച്ച് നടത്തും.

സമിതി രൂപീകരിച്ച് 100 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് നിർദേശം. വരും ദിവസങ്ങളിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.

അതേസമയം, റോഡപകടങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുന്നതിനായി “പോസ്റ്റ് ആക്‌സിഡന്റ് കമ്മിറ്റി” രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ്, പോലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ പ്രതിനിധികൾ സമിതിയിൽ ഉൾപ്പെടും.

അപകട സ്ഥലങ്ങളിൽ റോഡിന്റെ തകരാറുകൾ, അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ തുടങ്ങിയവ കാരണമാണോ അപകടമുണ്ടായത് എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം.

Share