കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ അജിത് ബാനർജിക്കെതിരെ ഗുരുതര ഭൂമി കൈയേറ്റ പരാതിയുമായി അയൽവാസി. ക്യാൻസർ ബാധിതയായ സ്ത്രീയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ജനതാ ദർബാറിലെത്തി പരാതി നൽകിയത്.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഭൂമികളാണ് അജിത് ബാനർജി കൈയേറിയത്. 1999-ലാണ് ആദ്യ കൈയേറ്റമുണ്ടായതെന്നും, ഏറ്റവും ഒടുവിൽ 2017-ലും ഭൂമി കൈയേറിയെന്നും പരാതിക്കാരി ആരോപിച്ചു. വർഷങ്ങളായി ഭൂമി തിരിച്ചുപിടിക്കാൻ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നീതി ലഭിച്ചില്ലെന്നും അവർ പറഞ്ഞു. ഒടുവിൽ ജനതാ ദർബാറിലെത്തിയാണ് പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
പരാതി പരിശോധിച്ച് നിയമാനുസൃതമായി തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും മറ്റ് രേഖകളും പരിശോധിച്ച ശേഷം കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
മമത ബാനർജിയുടെ കുടുംബത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം പശ്ചിമ ബംഗാളിൽ രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. മമതയുടെ ഭരണത്തിന് കീഴിൽ ബന്ധുക്കളും ടിഎംസി നേതാക്കളും നടത്തിയ അഴിമതി ദിനംപ്രതി പുറത്തുവരുകയാണ്.