ഭോപ്പാൽ: കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാനെതിരായ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ. തന്റെ പ്രസ്താവന കാർത്തികേയ സിംഗ് ചൗഹാനെ ഉദ്ദേശിച്ചുള്ളതല്ലെന്നും, ഉണ്ടായ വിവാദത്തിൽ ഖേദിക്കുന്നതായും രാഹുൽ കോടതിയെ അറിയിച്ചു.
2018-ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജബുവയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശം. പനാമ പേപ്പേഴ്സുമായി ബന്ധിപ്പിച്ചായാരുന്നു രാഹുലിൻൻെ വാക്കുകൾ. ഈ പരാമർശം തന്റെ വ്യക്തിപരമായ പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കാർത്തികേയ ചൗഹാൻ അപകീർത്തിക്കേസ് നൽകിയത്.
തുടർന്ന് ഭോപ്പാലിലെ എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി രാഹുനിന് സമൻസ് അയച്ചിരുന്നു. ഈ നടപടിയും കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതിനിടെയാണ് വിവാദ പരാമർശം കാർത്തികേയ ചൗഹാനെ ഉദ്ദേശിച്ചുള്ളതല്ലെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചത്. ഹർജിയിൽ വാദം കേൾക്കുന്ന മധ്യപ്രദേശ് ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ട തുടർനടപടികളിൽ പിന്നീട് തീരുമാനമെടുക്കും.