ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. 2025-ല്‍ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ശക്തമാക്കി. അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്.

ഇതിന്റെ ഭാഗമായി കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചുവരുത്തി എസ്ഐടി വിശദമായി ചോദ്യം ചെയ്തു. പൊലീസ് ആസ്ഥാനത്ത് എഡിജിപി എച്ച്. വെങ്കിടേഷിന്റെയും എസ്.പി. ശശിധരന്റെയും നേതൃത്വത്തില്‍ ആറു മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം, 2019-ല്‍ സ്വര്‍ണം പൂശി തിരിച്ചെത്തിച്ച ദ്വാരപാലക ശില്‍പ്പങ്ങളുടെയും മറ്റ് സ്വര്‍ണപ്പാളികളുടെയും ഭാഗങ്ങള്‍ 2025-ല്‍ വീണ്ടും ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയിരുന്നു.

അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിന്റെ കാലത്താണ് ഈ നടപടികള്‍ നടന്നത്. ഈ ഇടപാടിലും ക്രമക്കേടുണ്ടായെന്ന സംശയമാണ് എസ്ഐടി പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2025-ലെ ഭരണസമിതിക്കെതിരെയും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യത അന്വേഷണസംഘം വിലയിരുത്തുന്നുവെന്നാണ് സൂചന. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്നും തിങ്കളാഴ്ച തന്നെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതനുസരിച്ച് 2019-ലെ സ്വര്‍ണം മോഷ്ടിച്ച കേസിലെ അന്വേഷണ പുരോഗതിയും കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. ഇതിനൊപ്പം 2025-ലെ സ്വര്‍ണപ്പാളി ഇടപാടിലും കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടെന്ന വിലയിരുത്തലും കോടതിയെ അറിയിച്ചേക്കുമെന്നാണ് വിവരം. 2025-ലെ ഇടപാടില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി തേടാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അനുമതി ലഭിച്ചാല്‍ ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും അന്നത്തെ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്.

Share