സൗദി അറേബ്യയില്‍ വന്‍ ഹെലികോപ്റ്റര്‍ ദുരന്തം. രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റര്‍ കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ മേഖലയില്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് സൗദി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.
അപകടമുണ്ടായ സാഹചര്യങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഹെലികോപ്റ്റര്‍ എങ്ങനെ തകര്‍ന്നുവീണെന്നതടക്കമുള്ള കാര്യങ്ങളില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങളോ ദേശീയതയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹെലികോപ്റ്ററില്‍ ആകെ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തിലും ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ എത്തി നടപടികള്‍ ആരംഭിച്ചു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ച് അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവത്തില്‍ സൗദി അധികൃതര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ അപകടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.