ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; വഴിയാത്രികന് പരുക്ക്; ഒഴിവായത് വൻ അപകടം

Published by
ജനം വെബ്‌ഡെസ്ക്

പൂച്ചാക്കൽ: ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ വഴിയാത്രികന് പരുക്ക്. സമീപത്തെ കടയുടെ ഷട്ടറും തകർന്നു. ചേർത്തല–അരൂക്കുറ്റി റോഡിൽ നഗരി ധർമശാസ്താ ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 6.20ഓടെയായിരുന്നു സംഭവം.

അരൂക്കുറ്റി–തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ ടയറുകളിലൊന്നാണ് നിയന്ത്രണം തെറ്റി ഊരി ഉരുണ്ടുപോയത്. ഉരുണ്ടുപോയ ടയർ വഴിയാത്രികനായ വട്ടത്തറ ഉദയപ്പനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

വീഴ്ചയിൽ തലയ്‌ക്ക് പരുക്കേറ്റ ഉദയപ്പനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് സ്റ്റിച്ചും കൈകൾക്ക് ബലക്ഷയവും ഉണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സമീപത്തെ ബേക്കറിയിലേക്ക് റോഡരികിലൂടെ നടന്ന് പോകുന്നതിനിടെയാണ് ടയർ ഇടിച്ചത്.

തുടർന്ന് ഉരുണ്ട ടയർ സമീപത്തെ ശ്രീ അയ്യപ്പ ഹാർഡ്‌വെയർ സ്ഥാപനത്തിൽ ഇടിച്ചാണ് നിന്നത്. കടയുടെ മുൻവശത്തെ ഷട്ടർ തകർന്നതോടെ ഏകദേശം 30,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ ജയശ്രീ പറഞ്ഞു.

സംഭവസമയത്ത് റോഡിൽ വാഹനങ്ങളും യാത്രക്കാരും കുറവായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് ഇന്നലെ ബസിന്റെ സർവീസ് മുടങ്ങി. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.

Share