കോഴിക്കോട്: ഷിഗല്ല റിപ്പോർട്ടുകൾക്കിടെ അപൂർവ രോഗമായ കവാസാക്കിയും ആശങ്ക ഉയർത്തുന്നു. കോഴിക്കോട് കടലൂരിൽ മരിച്ച ഒൻപത് വയസുകാരി ആയിഷ ഹെൽനയുടെ മരണം കവാസാക്കി രോഗബാധ മൂലമാണെന്ന സംശയം ശക്തമാകുന്നു.
കുട്ടിക്ക് പ്രകടമായ രോഗലക്ഷണങ്ങളെല്ലാം കവാസാക്കിയുടേതായിരുന്നുവെന്നാണ് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നത്. മതിയായ ചികിത്സ നൽകിയിരുന്നുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
യഥാസമയം കണ്ടെത്തി ചികിത്സ നൽകിയില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കാൻ വരെ സാധ്യതയുള്ള അപൂർവ രോഗമാണ് കവാസാക്കി. സാധാരണയായി രക്തക്കുഴലുകളിൽ ഗുരുതരമായ അണുബാധ സൃഷ്ടിക്കുന്ന ഈ രോഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്.
അതേസമയം, കവാസാക്കി പകരുന്ന രോഗമല്ലാത്തതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.















