കൊച്ചി: പ്രസവിച്ച് മണിക്കൂറുകൾക്കകം നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. കുണ്ടന്നൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെയും സുഹൃത്തായ തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി മിഥുനെയും മരട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂർ ഫോറം മാളിന് സമീപത്തെ സർവീസ് റോഡരികിലെ തട്ടുകടയിലാണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ആൺകുഞ്ഞിനെ ഉപേക്ഷിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു യുവതി പ്രസവിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. യുവതിയെയും ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ പൂർത്തിയായാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി ആദ്യം പൊലീസിനെ അറിയിച്ചത് മിഥുനായിരുന്നു. എറണാകുളത്ത് നിന്ന് മടങ്ങുംവഴി ചായ കുടിക്കാൻ തട്ടുകടയിൽ കയറിയപ്പോൾ കരച്ചിൽ കേട്ട് നോക്കിയപ്പോൾ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി.
കുഞ്ഞിന്റെ ശരീരമാകെ കൊതുകുകടിയേറ്റ നിലയിലായിരുന്നു. സമീപത്ത് തെരുവുനായകളും ഉണ്ടായിരുന്നു. വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്ക് എത്തിച്ചു.
എന്നാൽ മിഥുനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ തട്ടുകടയിൽ എത്തിച്ച് കിടത്തിയ ശേഷം പൊലീസിനെ വിവരം അറിയിക്കാൻ അഞ്ജുവാണ് മിഥുന്റെ സഹായം തേടിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കുഞ്ഞിനെ വളർത്താൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും എന്നാൽ കുഞ്ഞ് സുരക്ഷിതമായി സംരക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അഞ്ജു പൊലീസിനോട് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മരട് പൊലീസ് അറിയിച്ചു.