കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമക്കേസ് രജിസ്റ്റർ ചെയ്ത് കാസർകോട് ടൗൺ പൊലീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പള്ളിക്കര സ്വദേശി അബ്ദുൾ അഹാദിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിലാണ് നടപടി.
ഖാദർ കരിപ്പൊടി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പരാതിക്കാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിന് ശേഷം ഖാദർ കരിപ്പൊടി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഉടൻ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിയും മറ്റ് തെളിവുകളും ശേഖരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് പബ്ലിക്ക് കേരള ഫേസ്ബുക്ക് പേജിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിൽ വീഡിയോ പങ്കുവെച്ചു എന്ന പരാതിയിൽ കാസർഗോഡ് സൈബർ പോലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.