തിരുവനന്തപുരം: ഇൻഡി സഖ്യം മുന്നോട്ടുവച്ച അവിശ്വാസ പ്രമേയ നീക്കം വിജയിക്കാതിരുന്നതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം അലങ്കോലമാക്കി പ്രതിപക്ഷം. ഇടത്- വലത് കൗൺസിലർമാർ മേയർക്കും ബിജെപിക്കുമെതിരെ പ്രകോപന മുദ്രാവാക്യം വിളിച്ചതോടെ അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ച് മേയർ മടങ്ങി.
യോഗം ആരംഭിച്ചത് മുതൽ തന്നെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. മേയർക്കെതിരെ മുദ്രാവാക്യം മുഴക്കിയ സിപിഎം- കോൺഗ്രസ് അംഗങ്ങൾക്ക് മറുപടിയായി ബിജെപി കൗൺസിലർമാർ മേയറെ പിന്തുണച്ച് രംഗത്തെത്തി. ബിജെപി കൗൺസിലർ ആർ. സുഗതനെ കൗൺസിൽ അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് സിപിഎം ഉയർത്തിയത്.
എന്നാൽ, ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അയോഗ്യനാക്കാൻ കഴിയില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെ മുഖം രക്ഷിക്കാനുള്ള രാഷ്‌ട്രീയ നീക്കമാണ് സിപിഎമ്മും ഇൻഡി മുന്നണിയും നടത്തിയത്.
ഇതിനിടെ ഹാജർ ബുക്കിനെ ചൊല്ലിയും തർക്കമുണ്ടായി. ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ യുഡിഎഫ് കൗൺസിലർമാർ ശ്രമിക്കുകയും തടയാൻ ചെന്ന ബിജെപി കൗൺസിലർമാരെ ആക്രമിക്കുകയുമായിരുന്നു. മണ്ണന്തല കൗൺസിലർ ചെമ്പഴന്തി ഉദയന്‍റെ ഷർട് ശബരീനാഥ് വലിച്ചുകീറി. പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.