കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജി കേരളാ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ബഹുമതി പ്രഖ്യാപിച്ച് കഴിഞ്ഞ സാഹചര്യത്തിൽ പുരസ്‌കാരം നൽകുന്നതിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി നിരീക്ഷിച്ചു. നടേശനെതിരെ കേസുകളുണ്ടെന്ന വാദവും കോടതി പരിശോധിച്ചു. എന്നാൽ, അദ്ദേഹം ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാൾ കുറ്റക്കാരനാണെന്ന് പിന്നീട് കണ്ടെത്തിയാൽ ഇത്തരത്തിലുള്ള ബഹുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് നിയമപരമായ വ്യവസ്ഥകളുണ്ടെന്നും കോടതി വ്യക്തമാക്കി.
ശ്രീ നാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി യാണ് ഹർജി സമർപ്പിച്ചത്. ക്രിമിനൽ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വ്യക്തിക്ക് പുരസ്‌കാരം നൽകുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്നും പുരസ്‌കാരദാന നടപടികൾ തടയണമെന്നുമായിരുന്നു ആവശ്യം.
കേന്ദ്ര സർക്കാർകോടതിയെ അറിയിച്ചതനുസരിച്ച്, ബഹുമതികൾക്കായി രൂപീകരിച്ച സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദ്രൗപദി മുർമു അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. വെള്ളാപ്പള്ളിക്കെതിരായ കേസുകൾ ഇപ്പോഴും എഫ്ഐആർ ഘട്ടത്തിലാണെന്നും ശിക്ഷ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.