വൈറൽ പെൺകുട്ടിയുടെ വിവാഹം; മുഹമ്മദ് ഫർമാന് വീണ്ടും തിരിച്ചടി, സാവകാശം തേടിയ ഹർജി കേരള ഹൈക്കോടതിയും തള്ളി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി:  വൈറലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ ഭർത്താവെന്ന് അവകാശപ്പെടുന്ന മുഹമ്മദ് ഫർമാന് വീണ്ടും നിയമപരമായ തിരിച്ചടി. മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന ആവശ്യവും താൽക്കാലിക മുൻകൂർ ജാമ്യം നീട്ടണമെന്ന ഹർജിയും കേരള ഹൈക്കോടതി തള്ളി.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിന്റെ അന്വേഷണം മധ്യപ്രദേശ് പൊലീസിന്റെ അധികാരപരിധിയിലായതിനാൽ താൽക്കാലിക മുൻകൂർ ജാമ്യം നീട്ടാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ ആവശ്യമായ നിയമപരമായ പരിഹാരം തേടേണ്ടത് മധ്യപ്രദേശ് ഹൈക്കോടതിയിലാണെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസം മുഹമ്മദ് ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ ബന്ധപ്പെട്ട സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഫർമാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്.

മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ പ്രമുഖ അഭിഭാഷകൻ അഡ്വ. വി. സജിത് കുമാർ ഹാജരായി. മുഹമ്മദ് ഫർമാനുവേണ്ടി പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ മുൻ അഡ്വക്കേറ്റ് ജനറലായ അഡ്വ. ഗോപാലകൃഷ്ണ കുറുപ്പാണ് ഹാജരായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മധ്യപ്രദേശ് പൊലീസ് അന്വേഷണം തുടരുകയാണ്. കേരള ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ മുഹമ്മദ് ഫർമാൻ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ഇനി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്.

Share