തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ നാളെ (ജൂലൈ 3, വെള്ളിയാഴ്ച) രാത്രി 11.30 വരെ 2.8 മുതൽ 3 മീറ്റർ വരെ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിലേക്ക് ഇറക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസവും നിലനിൽക്കുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്‌ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണെന്ന് അധികൃതർ വ്യക്തമാക്കി.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദപരിപാടികളും ഒഴിവാക്കണമെന്ന് നിർദേശം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുന്നത് കൂട്ടിയിടി പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ താമസിക്കുന്നവർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവം പിന്തുടരണമെന്നും അടിയന്തര സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ബന്ധപ്പെട്ട അധികാരികളെ ഉടൻ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.