കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ചതിന് പ്രശസ്ത വനിതാ യൂട്യൂബർ പൊലീസ് പിടിയിലായി. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച അണങ്കൂരിൽ വെച്ചായിരുന്നു സംഭവം. ദേശീയപാത 66ൽ റോഡിന്റെ നടുവിലായി ധന്യ ഓടിച്ചിരുന്ന കാർ നിർത്തിയിട്ട നിലയിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് സമീപിക്കുന്നതിനിടെ കാർ അമിതവേഗത്തിൽ മുന്നോട്ടെടുത്ത് ധന്യ രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
തുടർന്ന് പൊലീസ് സംഘം പിന്തുടർന്ന് ബന്തിയോട് ഭഗവതി നഗർ പ്രദേശത്ത് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. നടത്തിയ പരിശോധനയിലാണ് ധന്യ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമായത്.
മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ സജീവമായ എസ്.ആർ. ധന്യയ്‌ക്ക് ലക്ഷക്കണക്കിന് അനുയായികളുണ്ട്. സംഭവത്തെ തുടർന്ന് സാമൂഹികമാധ്യമങ്ങളിലും വ്യാപകമായ ചർച്ചയാണ് നടക്കുന്നത്.