ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

Published by
ജനം വെബ്‌ഡെസ്ക്

പുനലൂർ : ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മരുമകനെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. പുനലൂർ ഹൈസ്കൂൾ ജങ്ഷനിലെ ദർഭവിളയിൽ ഉസ്മാൻ (60) ആണ് റിമാൻഡിലായത്. ഇയാളുടെ ഭാര്യമാതാവ് സെയ്തുംബീവി (70) ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സെയ്തുംബീവി ഹൃദ്രോഗിയായിരുന്നു എന്നും, മർദനമാകാം മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നും പുനലൂർ എസ്‌എച്ച്‌ഒ സന്തോഷ് കുമാർ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ഉസ്മാനും ഭാര്യ ഹസീനയും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ബുധനാഴ്ചയും ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ഇടപെട്ട സെയ്തുംബീവിയെ ഉസ്മാൻ കൈകൊണ്ട് തലയ്‌ക്ക് അടിക്കുകയും നിലത്തിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

അവശയായ സെയ്തുംബീവിയെ അയൽവാസികളുടെ സഹായത്തോടെ ഹസീന പുനലൂർ താലൂക്ക് ആശുപത്രിയിൽ l എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് അയൽവാസികളിൽ നിന്ന് വീട്ടിൽ ബഹളം കേട്ടതായി വിവരം ലഭിച്ചതോടെ, എസ്‌എച്ച്‌ഒ ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഉസ്മാനെ കസ്റ്റഡിയിലെടുത്തു.

പൊലീസ് എത്തുമ്പോൾ സെയ്തുംബീവി മരിച്ച വിവരം ഉസ്മാൻ അറിഞ്ഞിരുന്നില്ല. പിന്നാലെ, ഉസ്മാൻ സെയ്തുംബീവിയെ മർദിച്ചതായി ഹസീന പൊലീസിന് മൊഴി നൽകി.

മുൻപ് തടിമില്ലുകളിൽ ജോലി ചെയ്തിരുന്ന ഉസ്മാൻ ഏറെക്കാലമായി ജോലിക്കുപോകുന്നില്ല. പുനലൂർ താലൂക്ക് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ഹസീനയുടെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.

മൃതദേഹം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് പുനലൂർ ടി.ബി ജങ്ഷനിലെ എൻ.എം.എ.എച്ച് ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.

Share