ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലന്‍ഡ് ഉഭയകക്ഷി ബന്ധത്തില്‍ പുതിയ നാഴികക്കല്ലായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ന്യൂസിലന്‍ഡ് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ ഔദ്യോഗിക ന്യൂസിലന്‍ഡ് സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് കൂടുതല്‍ വേഗം നല്‍കുകയും സാമ്പത്തിക, തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാകും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ സാമൂഹികമാധ്യമമായ എക്സിലൂടെയാണ് സന്ദര്‍ശനം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതുമായ സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യ, ന്യൂസിലന്‍ഡിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് നിര്‍ണായക പങ്കാളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രിലില്‍ ധാരണയായ ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തെ പുതിയ ഉയരത്തിലെത്തിക്കുമെന്നും, ന്യൂസിലന്‍ഡില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയ്‌ക്ക് കരുത്തേകാനും ഇതിലൂടെ സാധിക്കുമെന്നും ലക്‌സണ്‍ പറഞ്ഞു.

140 കോടി ജനങ്ങളുള്ള ഇന്ത്യന്‍ വിപണിയിലേക്ക് ന്യൂസിലന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഏപ്രിലിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. വിപണി പ്രവേശനം, കാര്‍ഷിക ഉല്‍പ്പാദനം, നിക്ഷേപം, പ്രാവീണ്യമുള്ള തൊഴിലാളികളുടെ സഞ്ചാരം, ടൂറിസം, കായികം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം.

ന്യൂസിലന്‍ഡിന്റെ വ്യാപാര-നിക്ഷേപ മന്ത്രി ടോഡ് മക്ലേയുടെ വിലയിരുത്തല്‍ പ്രകാരം, കരാര്‍ യാഥാര്‍ഥ്യമായാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ നിക്ഷേപം 20 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരെ ഉയര്‍ത്താനാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തില്‍ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വേഗം കൈവരുമെന്നാണ് പ്രതീക്ഷ. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രാവീണ്യമുള്ള തൊഴിലാളികളുടെ സഞ്ചാരം, വിവിധ മേഖലകളിലെ സഹകരണം എന്നിവയും ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളാകും.

ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളര്‍ച്ചയും വിപുലമായ ഉപഭോക്തൃ വിപണിയും കണക്കിലെടുത്ത്, ന്യൂസിലന്‍ഡ് ഈ പങ്കാളിത്തത്തെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്‌ക്കുള്ള സുപ്രധാന അവസരമായാണ് കാണുന്നത്.

Share