ഖമേനിയുടെ ഖബറടക്ക ചടങ്ങുകളിൽ മകനെ കാണാനില്ല?? പിതാവിന്റെ അന്ത്യയാത്രയിൽ നിന്ന് മുജ്തബ ഖമേനി വിട്ടുനിന്നതിന് പിന്നിൽ ? ചർച്ച സജീവം

Published by
ജനം വെബ്‌ഡെസ്ക്

ടെഹ്റാൻ: ഇറാന്റെ നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖമേനി, പിതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക വിലാപയാത്രയിലും പൊതു അന്തിമോപചാര ചടങ്ങുകളിലും പങ്കെടുക്കാതിരുന്നത് ചർച്ചയാകുന്നു. സുരക്ഷാ കാരണങ്ങളാലാണ് മുജ്തബ ഖമേനി പൊതുചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ടെഹ്റാനിൽ നടന്ന ചടങ്ങിനിടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഖമേനിയുടെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞത് ചടങ്ങിനെ വികാരനിർഭരമാക്കി.

ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടന്ന ചടങ്ങിൽ ഖമേനിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. പ്രാർത്ഥനകൾക്കിടയിൽ  ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുന്നിൽ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വികാരാധീനരാകുന്ന ദൃശ്യങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ജുഡീഷ്യറി തലവൻ ഗുലാം ഹുസൈൻ മൊഹ്സെനി ഈജെ, സൈനിക മേധാവികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണികളും നിലനിന്നതിനാൽ മാസങ്ങളോളം നീട്ടിവെച്ചിരുന്ന ശവസംസ്കാര ചടങ്ങുകളാണ് താൽക്കാലിക വെടിനിർത്തലിന് പിന്നാലെ ഇപ്പോൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് വിലാപയാത്രയും അനുബന്ധ ചടങ്ങുകളും നടന്നത്.

ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും എത്തിയിരുന്നു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരും അന്തിമോപചാര ചടങ്ങിൽ പങ്കെടുത്തു. റഷ്യയുടെ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഉൾപ്പെടെയുള്ള വിദേശ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

Share