ദോഹ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ ഖത്തറിൽ മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഖത്തർ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് നാവികൻ മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലും ബഹ്റൈനിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തറിലും ആക്രമണമുണ്ടായത്. ആക്രമണസമയത്ത് കപ്പലിൽ രണ്ടുപേർ ഉണ്ടായിരുന്നതായാണ് വിവരം. അതിൽ ഒരാളുടെ മരണവും മറ്റൊരാളുടെ ഗുരുതര പരിക്കുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്നതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാൽ ഖത്തർ തീരത്ത് വിന്യസിച്ചിരുന്ന സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം പ്രതിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ, പശ്ചിമേഷ്യയിലെ എട്ട് യുഎസ് സൈനിക താവളങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. തെക്കൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. കുവൈത്തിലും ബഹ്റൈനിലും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം കൂടുതൽ രൂക്ഷമായാൽ സൈനിക നടപടികൾ ശക്തമാക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, വെടിനിർത്തൽ ധാരണ ലംഘിച്ചത് യുഎസാണെന്ന് ആരോപിച്ച ഇറാൻ, തുടർച്ചയായ ആക്രമണങ്ങൾ നയതന്ത്ര നീക്കങ്ങളുടെ അവസാനമാകുമെന്ന് മുന്നറിയിപ്പും നൽകി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പുതിയ സംഘർഷത്തിന് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തൽ. 60 ദിവസത്തെ ഇടക്കാല വെടിനിർത്തലിനുശേഷം നടക്കാനിരുന്ന രണ്ടാംഘട്ട ഇറാൻ–യുഎസ് ചർച്ചകൾക്ക് മുന്നോടിയായാണ് സ്ഥിതി വീണ്ടും വഷളാകുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഘർഷവികാസങ്ങൾ അന്താരാഷ്‌ട്ര സമൂഹം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്.















