തിരുവനന്തപുരം: ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങൾ പിടിച്ചെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽസുരക്ഷയും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിരോധനകാലത്ത് തീരദേശ മേഖലകളിൽ പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയതായി വകുപ്പ് അറിയിച്ചു.
ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ ട്രോളിങ് നിരോധനം ലംഘിച്ച 10 മത്സ്യബന്ധനയാനങ്ങൾ പിടികൂടി. ഇവരിൽ നിന്ന് പിഴയിനത്തിലും മത്സ്യലേലത്തിലുമായി 1,98,150 രൂപ ഈടാക്കിയതായും അധികൃതർ അറിയിച്ചു.
ട്രോളിങ് നിരോധനകാലത്ത് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സമീപത്തെ തീരദേശ ഫിഷറീസ് സ്റ്റേഷനിലോ ഫിഷറീസ് വകുപ്പിന്റെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണമെന്ന് വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും സമുദ്ര മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമായി പരിശോധനകളും നിരീക്ഷണവും തുടരുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.