ഗാസ: രണ്ട് പതിറ്റാണ്ടിലേറെയായി ഗാസ സ്ട്രിപ്പിന്റെ ഭരണം നിർവഹിച്ചിരുന്ന ഹമാസ് ഭരണസമിതി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. സിവിലിയൻ ഭരണം നടപ്പാക്കുന്നതിനായി ടെക്നോക്രാറ്റിക് (വിദഗ്ധ) സമിതിക്ക് ഭരണച്ചുമതല കൈമാറുന്നതിന്റെ ഭാഗമായാണ് നടപടി.
ഹമാസിന്റെ ഗവൺമെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്തയുടെ വിവരമനുസരിച്ച്, ഗവൺമെന്റിന്റെ എമർജൻസി കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ഫറ രാജി സമർപ്പിച്ചതോടെയാണ് ഭരണസമിതി പിരിച്ചുവിടാനുള്ള നടപടികൾ പൂർത്തിയായത്. ഗാസയുടെ ഭരണച്ചുമതല ഏറ്റെടുക്കുന്ന നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ (NCAG) എന്ന സമിതിയിലേക്കുള്ള ഭരണമാറ്റം സുഗമമാക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
2025-ൽ ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ തുടർന്ന് രൂപീകരിച്ച സമാധാന സംവിധാനത്തിന്റെ ഭാഗമായാണ് എൻസിഎജി രൂപീകരിക്കപ്പെട്ടത്. പുതിയ വിദഗ്ധ സമിതി ഗാസയിലെ സിവിൽ ഭരണവും പുനർനിർമാണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുമെന്നാണ് പ്രതീക്ഷ.
2007 മുതൽ ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കൈവശമായിരുന്നു. പുതിയ ഭരണക്രമത്തിലേക്കുള്ള ഈ മാറ്റം ഗാസയിലെ ഭരണപരമായ പുനഃസംഘടനയ്‌ക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഹമാസിന്റെ നിരായുധീകരണവും സുരക്ഷാ സംവിധാനങ്ങളുടെ നിയന്ത്രണവും സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പുതിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനരീതിയും അധികാരപരിധിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.