ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

Published by
ജനം വെബ്‌ഡെസ്ക്

ഫോക്‌സ്ബറോ: ഫ്രാന്‍സിനെതിരായ ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി മൊറോക്കോയ്‌ക്ക് വലിയ തിരിച്ചടി. ടീമിന്റെ പ്രധാന താരങ്ങളിലൊരാളായ ഇസ്മായേല്‍ സൈബരി പരിക്കിനെ തുടര്‍ന്ന് ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ കളിക്കില്ലെന്ന് പരിശീലകന്‍ മുഹമ്മദ് ഔഹ്ബി സ്ഥിരീകരിച്ചു.

‘സൈബരിയെ ഒഴികെ എല്ലാവരും പൂര്‍ണ ഫിറ്റാണ്. ഈ മത്സരം അദ്ദേഹത്തിന് വളരെ നേരത്തെയായി. എങ്കിലും ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകില്ലെന്നാണ് പ്രതീക്ഷ,’ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഔഹ്ബി പറഞ്ഞു.

അടുത്തിടെ ഡച്ച് ക്ലബ്ബായ പി.എസ്.വിയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ കരാറില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയ സൈബരി ഈ ലോകകപ്പില്‍ മൊറോക്കോയുടെ മികച്ച പ്രകടനക്കാരില്‍ ഒരാളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ അദ്ദേഹം, പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയഗോള്‍ നേടുകയും ചെയ്തു.

എന്നാല്‍ കാനഡക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യപകുതിയില്‍ തന്നെ സൈബരി കളംവിടുകയായിരുന്നു. തുടര്‍ന്ന് പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. സൈബരിക്ക് പകരം കാനഡക്കെതിരെ ഇറങ്ങിയ സ്ട്രൈക്കര്‍ സൂഫിയാന്‍ റഹിമി മൊറോക്കോയുടെ മൂന്നാം ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

2022 ലോകകപ്പിന്റെ സെമിഫൈനലില്‍ ഫ്രാന്‍സിനോട് 2-0ന് തോറ്റതിന്റെ കണക്ക് തീര്‍ക്കാനാണ് മൊറോക്കോ ഇത്തവണ ഇറങ്ങുന്നത്. ആ ടൂര്‍ണമെന്റില്‍ സെമിഫൈനലിലെത്തിയ ആദ്യ ആഫ്രിക്കന്‍, അറബ് ടീമായി മൊറോക്കോ ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതില്‍ മാത്രം തൃപ്തരാകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പരിശീലകന്‍ ഔഹ്ബി വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് സെമിഫൈനലിലെത്തണം. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതുതന്നെ വലിയ നേട്ടമാണെന്ന് പറയുന്നവരെ ഞങ്ങള്‍ കേള്‍ക്കില്ല. വിജയിക്കാനാണ് ഞങ്ങള്‍ ഇറങ്ങുന്നത്,’ അദ്ദേഹം പറഞ്ഞു. അതേസമയം, റയല്‍ മാഡ്രിഡ് താരം ബ്രാഹിം ഡിയാസ് ഫ്രാന്‍സിനെ നേരിടുന്നതില്‍ ടീമിന് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു.

‘ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് ഫ്രാന്‍സ്. എന്നാല്‍ അവരോട് മത്സരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഈ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ടീമിലുള്ള എല്ലാവരിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്,’ ബ്രാഹിം ഡിയാസ് പറഞ്ഞു.

Share