‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ ഭർത്താവിന്റെ മൊഴി പരിശോധിച്ചെത്തിയ പൊലീസ് അബോധാവസ്ഥയിലായിരുന്ന യുവതിയെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. കോഴിക്കോട് വെള്ളയിലായിരുന്നു സംഭവം.

വെള്ളയിൽ സ്വദേശിയായ സക്കീർ (49) ആണ് ഭാര്യ നസീലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉടൻ വീട്ടിലെത്തിയ പൊലീസ്, ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് നസീല ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്.

ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്‌ക്കുശേഷം വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് പരിക്കേറ്റെങ്കിലും നിലവിൽ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

കുടുംബവഴക്കിനിടെ ഉണ്ടായ പ്രകോപനത്തെ തുടർന്നാണ് സക്കീർ ഭാര്യയുടെ കഴുത്ത് ഞെരിച്ചതെന്നാണ് പൊലീസ് പറയുന്നത്. അബോധാവസ്ഥയിലായ ഭാര്യ മരിച്ചെന്നാണ് കരുതിയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മത മൊഴി നൽകിയത്.

സംഭവത്തിൽ സക്കീറിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചികിത്സയ്‌ക്ക് ശേഷം നസീലയെ ബന്ധുവീട്ടിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

Share