തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയുടെ ഭരണസംവിധാനത്തിൽ സുപ്രധാന തീരുമാനമായി തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല (റീജിയൻ) രൂപീകരിക്കാൻ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. പുതിയ മേഖലയുടെ ചുമതല വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തയും യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ മീഡിയ സെൽ ചെയർമാനുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് ജൂലൈ 15ന് ഏറ്റെടുക്കും.
പുതിയ മേഖലയുടെ സ്ഥാനാരോഹണ ശുശ്രൂഷയായ സുന്ത്രോണീസോ ജൂലൈ 15ന് വൈകിട്ട് 5 മണിക്ക് സെക്രട്ടേറിയറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് വൈകിട്ട് 6 മണിക്ക് സ്വീകരണ സമ്മേളനം നടക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭാ സ്പീക്കർ, വിവിധ ക്രൈസ്തവ സഭകളുടെ മേലദ്ധ്യക്ഷന്മാർ, രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
തിരുവനന്തപുരം മേഖലയ്‌ക്ക് പ്രത്യേക ഭരണസംവിധാനം ഒരുക്കുന്നതിലൂടെ വിശ്വാസിസമൂഹത്തിന് കൂടുതൽ കാര്യക്ഷമമായ ആത്മീയവും ഭരണപരവുമായ സേവനങ്ങൾ ഉറപ്പാക്കാനാണ് സഭയുടെ തീരുമാനം