മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

Published by
ജനം വെബ്‌ഡെസ്ക്

ബോസ്റ്റണ്‍: ലോകകപ്പ് കിരീടത്തിലേക്കുള്ള ഫ്രാന്‍സിന്റെ കുതിപ്പ് തുടരുന്നു. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഫ്രഞ്ച് പട തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമി ഫൈനലില്‍ ഇടംപിടിച്ചു. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബെലെയും നേടിയ ഗോളുകളാണ് ഫ്രാന്‍സിന് അനായാസ ജയം സമ്മാനിച്ചത്.

ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. 26-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ ഫ്രഞ്ച് നായകന്‍ എംബാപ്പെയ്‌ക്കായില്ല. മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനു നടത്തിയ മികച്ച സേവാണ് ഫ്രാന്‍സിന്റെ ലീഡ് തടഞ്ഞത്. തുടര്‍ന്ന് മൊറോക്കോയുടെ പ്രതിരോധനിരയും ഫ്രാന്‍സിന്റെ ആക്രമണനിരയും തമ്മില്‍ കടുത്ത പോരാട്ടം അരങ്ങേറിയെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

ഇടവേളയ്‌ക്കുശേഷം ആക്രമണത്തിന്റെ വേഗം കൂട്ടിയ ഫ്രാന്‍സ് 60-ാം മിനിറ്റില്‍ മത്സരത്തിലെ കുരുക്ക് അഴിച്ചു. പ്രതിരോധനിരയെ കബളിപ്പിച്ച് എംബാപ്പെ നേടിയ ഗംഭീര ഗോള്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ നിരാശ അതോടെ താരം മറികടന്നു. ഈ ഗോളോടെ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും എംബാപ്പെ വീണ്ടും മുന്‍നിരയിലെത്തി.

ലീഡ് നേടിയതിന്റെ ആവേശം കെടുംമുമ്പ് തന്നെ ഫ്രാന്‍സ് രണ്ടാം പ്രഹരവും ഏല്‍പ്പിച്ചു. 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബെലെ തൊടുത്ത കൃത്യമായ ലോ ഷോട്ട് ബൗനുവിന് തടയാനാകാതെ വലയില്‍ പതിഞ്ഞതോടെ സ്‌കോര്‍ 2-0 ആയി. പിന്നീട് മൊറോക്കോ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധം ഒരു അവസരവും അനുവദിച്ചില്ല.

മത്സരാവസാനത്തില്‍ എംബാപ്പെ ചെറിയ പരിക്കിനെ തുടര്‍ന്ന് ഐസ് പാക്കുമായി ബെഞ്ചിലേക്ക് മടങ്ങിയത് ഫ്രഞ്ച് ആരാധകരെ ആശങ്കയിലാഴ്‌ത്തിയെങ്കിലും, മത്സരശേഷം സഹതാരങ്ങള്‍ക്കൊപ്പം വിജയാഘോഷത്തില്‍ പങ്കെടുത്തതോടെ ആശങ്കകള്‍ക്ക് അയവായി. മൂന്നാം ലോകകിരീടമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി മുന്നേറിയ ഫ്രാന്‍സ്, സെമി ഫൈനലില്‍ സ്പെയിന്‍-ബെല്‍ജിയം മത്സരത്തിലെ വിജയികളെയാണ് നേരിടുക. അതേസമയം, പോരാട്ടവീര്യത്തോടെ ടൂര്‍ണമെന്റില്‍ ശ്രദ്ധ നേടിയ മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ വിരാമമായി.

Share