തൃശ്ശൂർ: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ വിവിധ കേസുകളിൽ പിടിച്ചെടുത്ത ലക്ഷങ്ങൾ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരം കത്തിച്ച് നശിപ്പിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത 18.307 കിലോഗ്രാം കഞ്ചാവും, അതീവ മാരക ലഹരിവസ്തുവായ 203.18 ഗ്രാം മെത്താംഫെറ്റാമിനും പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഓട്ടുകമ്പനി ചൂളയിലാണ് കത്തി ചാരമായത്.
ലഹരിമരുന്ന് നിർമാർജനവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കോടതി അനുമതിയോടെ നശിപ്പിക്കൽ നടപടികൾ സ്വീകരിച്ചത്. തെളിവെടുപ്പ് ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ലഹരിവസ്തുക്കൾ ചൂളയിൽ എരിച്ചുകളഞ്ഞത്.
സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി തുടരുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും, യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കാൻ ഇത്തരത്തിലുള്ള നടപടികൾ തുടരുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് അധികൃതർ വ്യക്തമാക്കി.