പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹമാണെന്നും ഇതിന് പിന്നില്‍ ഭൂമി കച്ചവട താല്‍പര്യങ്ങളാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് ഡ്രോണ്‍ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആറന്മുള വിമാനത്താവള പദ്ധതിയെ ബിജെപി ശക്തമായി എതിര്‍ക്കുമെന്നും, ഈ പ്രദേശത്ത് വിമാനത്താവളത്തിന് ഒരിക്കലും അനുമതി ലഭിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി.
വിമാനത്താവളത്തിന് സാധ്യത പരിശോധിക്കേണ്ടത് കൊടുമണ്‍ ഉള്‍പ്പെടെയുള്ള മറ്റ് അനുയോജ്യമായ പ്രദേശങ്ങളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വര്‍ഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമാണ് ആറന്മുളയെന്നും, വയനാട്ടിലുണ്ടായ ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ട സമയമാണിതെന്നും കുമ്മനം പറഞ്ഞു. വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താങ്ങാന്‍ കഴിയുന്ന ഭൂമിശാസ്ത്ര സാഹചര്യമല്ല ആറന്മുളയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയെന്ന പേരില്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആറന്മുള വിഷയത്തില്‍ എം.എല്‍.എ അബിന്‍ വര്‍ക്കി നടത്തുന്ന പ്രതികരണങ്ങള്‍ മതിയായ പഠനമില്ലാതെയാണെന്നും കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു.