ന്യൂഡല്‍ഹി: കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും ആധുനിക അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികളിലൂടെ അനധികൃത നുഴഞ്ഞുകയറ്റം പൂര്‍ണമായും തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തി ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ ‘സ്മാര്‍ട്ട് ബോര്‍ഡര്‍’ പദ്ധതിയുടെ രൂപരേഖ വിശദീകരിച്ചത്. അതിര്‍ത്തി സുരക്ഷയെ പ്രതികരണാത്മക സംവിധാനത്തില്‍ നിന്ന് മുന്‍കരുതല്‍ അടിസ്ഥാനത്തിലുള്ള സമഗ്ര സുരക്ഷാ സംവിധാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍, അതിര്‍ത്തി സുരക്ഷാ സേനകള്‍, സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍, പ്രാദേശിക ജനങ്ങള്‍ എന്നിവരുടെ ഏകോപനത്തോടെ ശക്തമായ ‘ക്വാഡ്രാംഗുലര്‍ സെക്യൂരിറ്റി ഗ്രിഡ്’ രൂപീകരിക്കുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഡ്രോണുകള്‍, റഡാറുകള്‍, ആധുനിക ക്യാമറകള്‍, എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍ തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകള്‍ പദ്ധതിയുടെ ഭാഗമാകും.
അതിര്‍ത്തി സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം നുഴഞ്ഞുകയറ്റം, മയക്കുമരുന്ന് കടത്ത്, ഡ്രോണ്‍ ഭീഷണി, മറ്റ് അതിര്‍ത്തി കുറ്റകൃത്യങ്ങള്‍ എന്നിവയും ഫലപ്രദമായി ചെറുക്കാന്‍ പുതിയ സംവിധാനം സഹായകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സംവിധാനം ലോകത്തിലെ ഏറ്റവും ആധുനിക സംവിധാനങ്ങളിലൊന്നായി മാറുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.