ഓക്ക്‌ലൻഡ്: ഇന്ത്യ–ന്യൂസിലൻഡ് ബന്ധം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ (FTA) ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾക്ക് കൂടുതൽ ആഴവും ചൈതന്യവും നൽകുമെന്നും വിപണി പ്രവേശനം, നിക്ഷേപം, സേവനങ്ങൾ, സാങ്കേതികവിദ്യ, നൈപുണ്യ കൈമാറ്റം എന്നിവയിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നും മോദി വ്യക്തമാക്കി.
ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ നടന്ന ഇന്ത്യ–ന്യൂസിലൻഡ് ബിസിനസ് ഉച്ചകോടിയിൽ ബിസിനസ് നേതാക്കളെയും സിഇഒമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം.
ബിസിനസ് സമൂഹത്തോട് സംസാരിക്കവെ ഇന്ത്യയെ വെറും ഉപഭോക്തൃ വിപണിയായി കാണരുതെന്ന് മോദി പറഞ്ഞു.
“ഇന്ത്യ വെറുമൊരു വിപണി മാത്രമല്ല. ആഗോള വളർച്ചയുടെ ലോഞ്ച്പാഡാണ് ഇന്ത്യ. നമുക്ക് ഒരുമിച്ച് ഈ സാമ്പത്തിക പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാം.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യ–ന്യൂസിലൻഡ് ബന്ധത്തെ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്താൻ ചരിത്രപരമായ തീരുമാനമാണ് കൈക്കൊണ്ടതെന്ന് മോദി വ്യക്തമാക്കി. വ്യക്തമായ ലക്ഷ്യങ്ങളോടെയും സമയബന്ധിതമായ ഫലങ്ങളോടെയും എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ സ്ഥിരത, വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ, ഡിജിറ്റൽ വിപ്ലവം, യുവജനശക്തി, വൻ ആഭ്യന്തര വിപണി എന്നിവ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയതായി മോദി ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസനം, ക്ലീൻ എനർജി, സിവിൽ ഏവിയേഷൻ, ലോജിസ്റ്റിക്സ്, നഗര വികസനം, ജല മാനേജ്മെന്റ്, മാലിന്യ സംസ്കരണം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കാൻ ന്യൂസിലൻഡ് കമ്പനികളെ അദ്ദേഹം ക്ഷണിച്ചു.
2030ഓടെ ഇന്ത്യ–ന്യൂസിലൻഡ് ഉഭയകക്ഷി വ്യാപാരം 7 ബില്യൺ ന്യൂസിലൻഡ് ഡോളറാക്കി (ഏകദേശം 35,000 കോടി രൂപ) ഉയർത്തുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. കാർഷികം, ക്ഷീരമേഖല, സ്റ്റാർട്ടപ്പുകൾ, ഫിൻടെക്, നവീകരണം, ഉയർന്ന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപവും പങ്കാളിത്തവും അദ്ദേഹം ആഹ്വാനം ചെയ്തു.
മാറിവരുന്ന ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഇന്ത്യ–ന്യൂസിലൻഡ് FTA ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധത്തിന് പുതിയ ദിശ നൽകുന്ന നിർണായക ചുവടുവയ്പായാണ് വിലയിരുത്തപ്പെടുന്നത്.