ഇസ്ലാമാബാദ്: പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ. ബലൂച്ച് മേഖലയുടെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇനി മുതല്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന പേരിൽ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
‘മാ ചുക്കൈൻ ബലൂചാനി’ എന്ന ദേശീയ ഗാനവും ദേശീയ പതാകയും ‘ബലൂചി ഫലൂസ്’ എന്ന ഔദ്യോഗിക കറൻസിയും സ്വീകരിച്ചെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. പുതിയ ഭരണകൂടം ഖനനവിഭവങ്ങൾ, 150-ലധികം പ്രകൃതിവാതക പാടങ്ങൾ, 1,200-ലധികം കൽക്കരി ഖനികൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായും പ്രസ്താവനയിൽ പറയുന്നു.
പാകിസ്താൻ സൈന്യം, പോലീസ്, ഫ്രണ്ടിയർ കോർപ്സ്, ലെവീസ് എന്നിവയിൽ സേവനമനുഷ്ഠിച്ചിരുന്ന നിരവധി ബലൂചികളും പഷ്തൂണുകളും രാജിവെച്ച് ബലൂചിസ്ഥാൻ പക്ഷത്തേക്ക് ചേർന്നു. പാകിസ്താന്റെ സൈന്യത്തിനോ നാവികസേനയ്‌ക്കോ വ്യോമസേനയ്‌ക്കോ ഭാവിയിൽ ബലൂചിസ്ഥാന്റെ ഭൂമിയോ വ്യോമപാതയോ തീരപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
അന്താരാഷ്‌ട്ര സമൂഹത്തോട് അംഗീകാരം തേടി
ബലൂചിസ്ഥാനെ സ്വതന്ത്ര പരമാധികാര രാഷ്‌ട്രമായി അംഗീകരിക്കണമെന്ന് ലോക രാജ്യങ്ങളോട് പ്രസ്താവനയിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് ദക്ഷിണേഷ്യയിലെ സ്ഥിരതയ്‌ക്ക് സഹായകരമാകുമെന്നും പാകിസ്താന്റെ ‘ആണവ ഭീഷണിയും തീവ്രവാദ നയങ്ങളും’ അവസാനിപ്പിക്കാൻ അത് വഴിയൊരുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം ഈ സംഭവവികാസങ്ങളോട് പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല.