വാഷിങ്ടൺ: ഇന്ത്യയുമായി ബന്ധമുള്ള അന്താരാഷ്‌ട്ര സംഘടിത കുറ്റകൃത്യ ശൃംഖലകൾക്കെതിരായ നീക്കം ശക്തമാക്കി അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI). ഇന്ത്യൻ വംശജനായ നിതീഷ് കൗശൽ അഥവാ ‘ലാല’യെ എഫ്‌ബിഐയുടെ Most Wanted പട്ടികയിൽ ഉൾപ്പെടുത്തി. പഞ്ചാബിൽ രൂപംകൊണ്ട ജഗ്ഗു ഭഗവാൻപുരിയ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി.
അമേരിക്കയിലെ കാലിഫോർണിയ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ഈ സംഘടിത കുറ്റകൃത്യ ശൃംഖല കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, പണം തട്ടിയെടുക്കൽ, ആയുധക്കടത്ത്, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് എഫ്‌ബിഐയുടെ ആരോപണം. നിതീഷ് കൗശൽ ഈ സംഘത്തിനുവേണ്ടി ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള അക്രമപ്രവർത്തനങ്ങൾ നടത്തിയെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.
2026 ജൂൺ 25-ന് കാലിഫോർണിയയിലെ യു.എസ്. ജില്ലാ കോടതി കൗശലിനെതിരെ RICO (Racketeer Influenced and Corrupt Organizations Act) പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് Most Wanted പട്ടികയിൽ ഉൾപ്പെടുത്തിയത്.
ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ, ജഗ്ഗു ഭഗവാൻപുരിയ എന്നിവരുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര കുറ്റകൃത്യ ശൃംഖലകളെ ലക്ഷ്യമിട്ട് അമേരിക്കൻ അന്വേഷണ ഏജൻസികൾ അടുത്തിടെ ആരംഭിച്ച വ്യാപക നടപടികളുടെ ഭാഗമായാണ് ഈ പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















