ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: 2026 ഫിഫ ലോകകപ്പിന്റെ ഫൈനലിന് മുന്നോടിയായി അരങ്ങേറുന്ന സമാപനച്ചടങ്ങ് ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് ദൃശ്യ-സംഗീത വിസ്മയമാകുമെന്ന് ഫിഫ പ്രഖ്യാപിച്ചു. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് മുതല്‍ പോപ്പ് സംഗീത ലോകത്തെ വമ്പന്‍ പേരുകളായ ജെന്നിഫര്‍ ഹഡ്‌സണ്‍, റോബി വില്യംസ്, ലോറ പൗസിനി, നിക്കോള്‍ ഷെര്‍സിംഗര്‍, കടവീംടുലലറ എന്നിവര്‍ വരെ സമാപനച്ചടങ്ങിന്റെ ഭാഗമാകും.

48 ടീമുകള്‍ പങ്കെടുത്ത ആദ്യ ലോകകപ്പിന്റെ വിജയകരമായ സമാപനം ആഘോഷിക്കുന്ന ചടങ്ങ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നതിന് 90 മിനിറ്റ് മുമ്പ് നടക്കും. സംഗീതം, സംസ്‌കാരം, വീഡിയോ മോണ്ടേജുകള്‍ എന്നിവ സമന്വയിപ്പിച്ച് ലോകകപ്പിന്റെ യാത്ര അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് ഫിഫ ഒരുക്കുന്നത്.

മത്സരത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ ടോം ക്രൂസ് പ്രത്യേക സാന്നിധ്യമറിയിക്കും. ഓസ്‌കര്‍ ജേതാവായ ഗായിക ജെന്നിഫര്‍ ഹഡ്‌സണ്‍ അമേരിക്കയുടെ ദേശീയഗാനം ആലപിക്കും. ഇതിന് പുറമെ റോബി വില്യംസ്, ഇറ്റാലിയന്‍ ഗായിക ലോറ പൗസിനി, അമേരിക്കന്‍ പോപ്പ് താരം നിക്കോള്‍ ഷെര്‍സിംഗര്‍, സോഷ്യല്‍ മീഡിയ സൂപ്പര്‍താരം കടവീംടുലലറ എന്നിവരും വേദിയിലെത്തും. ഫൈനല്‍ മത്സരത്തിന്റെ ഇടവേളയില്‍ 11 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക ഹാഫ് ടൈം ഷോയും ഫിഫ ഒരുക്കുന്നുണ്ട്. ബിടിഎസ്, മഡോണ, ഷക്കീറ, ജസ്റ്റിന്‍ ബീബര്‍ എന്നിവരാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

ഇവര്‍ക്കൊപ്പം ബര്‍ണ ബോയ്, പ്രശസ്ത കണ്ടക്ടര്‍ ഗുസ്താവോ ഡുഡാമെല്‍, ഗ്രാമി നോമിനേറ്റഡ് ഗായകസംഘം, കോള്‍ഡ്പ്ലേ എന്നിവരും ഹാഫ് ടൈം ഷോയുടെ ഭാഗമാകും. ആദ്യ സെമിയില്‍ ഫ്രാന്‍സിനെ 2-0ന് കീഴടക്കി സ്‌പെയിന്‍ ഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും ഏറ്റുമുട്ടും. വിജയിക്കുന്ന ടീമായിരിക്കും സ്‌പെയിനിന്റെ എതിരാളി. ചരിത്രത്തില്‍ സ്‌പെയിനും ഇംഗ്ലണ്ടും ഓരോ ലോകകപ്പ് വീതം നേടിയപ്പോള്‍, അര്‍ജന്റീന മൂന്ന് തവണ കിരീടം ചൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫൈനലും സമാപനച്ചടങ്ങും ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Share