ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിലേക്ക് വീണ സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ ആലപ്പുഴ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുന്നമടയിലെ ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായ ശരണ്യ, സ്പാ സേവനത്തിനായി ഹൗസ് ബോട്ടിലെത്തിയതായിരുന്നു. ശരണ്യയ്‌ക്കൊപ്പം ആസാം സ്വദേശിനിയായ മറ്റൊരു യുവതിയും ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.

സംഭവത്തിന്റെ സാഹചര്യങ്ങൾ ദുരൂഹമായതിനാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ബോട്ടിലുണ്ടായിരുന്നവരിൽ നിന്ന് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. ശരണ്യ അബദ്ധത്തിൽ കായലിൽ വീണതാണോ, മറ്റെന്തെങ്കിലും സാഹചര്യമാണോ മരണത്തിന് പിന്നിലെന്ന കാര്യം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും ലഭിച്ചതിന് ശേഷമായിരിക്കും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയെന്ന് പോലീസ് അറിയിച്ചു.

Share