ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: ആയുർവേദ മരുന്നുകളും പഴങ്ങളും ചേർത്ത് തയ്യാറാക്കിയതെന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽപ്പന നടത്തിയ 12 ലിറ്റർ ചാരായം എക്സൈസ് ഇന്റലിജൻസ് പിടികൂടി. സംഭവത്തിൽ മാള വടമ സ്വദേശി കല്ലിങ്ങപ്പുറം വീട്ടിൽ സുഷേൺ അറസ്റ്റിലായി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  തൃശൂർ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മാള മേഖലയിലൂടെ ഇന്നോവ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന ചാരായമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

പ്രതികൾ ചാരായത്തെ ആയുർവേദ മരുന്നുകളും വിവിധ പഴങ്ങളും ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധപാനീയമാണെന്ന് അവകാശപ്പെട്ടാണ് വിപണനം നടത്തിയിരുന്നത്. ഇതിന്റെ പേരിൽ പ്രത്യേക ബ്രാൻഡിംഗും നടത്തിയിരുന്നതായി എക്സൈസ് കണ്ടെത്തി.

അന്വേഷണത്തിൽ പ്രതികൾ സ്വീകരിച്ചിരുന്നത് ‘ഡ്രോപ്പ് ആൻഡ് പിക്ക്’ എന്ന രഹസ്യ വിതരണരീതിയാണെന്നും വ്യക്തമായി. ഒരു ലിറ്റർ വീതമുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച ചാരായം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ഒളിപ്പിച്ചശേഷം, ഒളിപ്പിച്ച സ്ഥലത്തിന്റെ ഫോട്ടോയും ലൊക്കേഷനും വാങ്ങുന്നവർക്ക് മൊബൈൽ ഫോണിലൂടെ അയച്ചുനൽകുകയായിരുന്നു. തുടർന്ന് ഉപഭോക്താക്കൾ നേരിട്ടെത്തി ചാരായം കൈപ്പറ്റുന്ന രീതിയിലായിരുന്നു ഇടപാടുകൾ.

ഈ രീതിയിലൂടെ നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കി എക്സൈസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ചാരായവും ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും ചാരായം എവിടെനിന്നാണ് നിർമ്മിച്ച് എത്തിച്ചതെന്നും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അറിയിച്ചു. സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

Share