തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര നടപടികളുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി). 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
റൗണ്ട്-ദി-ക്ലോക്ക് അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം. യൂണിറ്റിന് 5.96 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനായി റെഗുലേറ്ററി കമ്മീഷനിൽ പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം അധിക വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
പീക്ക് സമയങ്ങളിൽ ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതും പരിഗണനയിലാണ്. ഡീപ് (DEEP) പോർട്ടൽ വഴി ഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 23ന് ശേഷം ഉണ്ടാകും.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടരാനിടയുണ്ടെന്നാണ് സൂചന. ഉൽപ്പാദനം കുറഞ്ഞതും മഴയുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കിയ സാഹചര്യത്തിൽ ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചിലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി മുടങ്ങിയതായും പരാതിയുണ്ട്.
പ്രഖ്യാപിച്ച 15 മുതൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണത്തേക്കാൾ കൂടുതൽ സമയം പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നതായും, കൃത്യമായ സമയക്രമം അറിയിക്കാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വ്യാപക പരാതി ഉയരുന്നുണ്ട്.
ഇതിനിടെ, വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ജനങ്ങളോട് അഭ്യർഥിച്ചു. പ്രത്യേകിച്ച് എയർ കണ്ടീഷണർ, അലങ്കാര ലൈറ്റുകൾ തുടങ്ങിയവയുടെ അനാവശ്യ ഉപയോഗം ഒഴിവാക്കണമെന്നും പ്രതിസന്ധി മറികടക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.