കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യാക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ പിടികൂടാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന് രണ്ട് നീതിയാണുള്ളതെന്നും കൈ വിറയ്‌ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എച്ച്. വെങ്കിടേഷിനെതിരെയും കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രതിയെ പിടികൂടാത്തതിന്റെ ഉത്തരവാദിത്തം അന്വേഷണ സംഘത്തിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോ. എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 13-നാണ് സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയത്. ക്ലാസ് മുറിയിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് നിതിൻ രാജിനെ അധ്യാപകൻ അപമാനിച്ചിരുന്നുവെന്നും അന്ന് തന്നെ നടപടിയെടുത്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
നിലവിൽ ഡോ. എം.കെ റാം ഒളിവിലാണെന്നും ആന്ധ്രാപ്രദേശിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ 10-നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപമാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.