ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പശ്ചിമ ബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാണ, മഹാരാഷ്‌ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണം, സ്വര്‍ണം, നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തി അനധികൃതമായി കടന്നെത്തുന്ന ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ ഒരുക്കി ഇന്ത്യന്‍ പൗരന്മാരായി മാറാന്‍ സഹായിക്കുന്ന സംഘടിത ശൃംഖലയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇഡി കണ്ടെത്തി. വ്യാജ രേഖകളുടെ സഹായത്തോടെ ഇവര്‍ വിവിധ നഗരങ്ങളില്‍ സ്ഥിരതാമസമാക്കുകയും പിന്നീട് ഇന്ത്യന്‍ പാസ്പോര്‍ട്ട് കരസ്ഥമാക്കി വിദേശത്തേക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
ശൃംഖലയിലെ പ്രധാന കണ്ണിയായ ബാങ്ക് ഏജന്റ് അബ്ദുള്‍ അവ്വാല്‍, സാധാരണക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ വിരലടയാളം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായും ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും ഉപയോഗിച്ചിരുന്നത്. എഫ്.സി.ആര്‍.എ വഴിയെത്തിയ വിദേശ ഫണ്ടുകള്‍ സണ്‍ ഷൈന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ള ട്രസ്റ്റുകള്‍ വഴി വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി വെളുപ്പിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ 20,000 രൂപയില്‍ താഴെയുള്ള ചെറിയ തുകകളായി പണം പിന്‍വലിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. പ്രധാന പ്രതികളില്‍ ഒരാളായ ആദില്‍-ഉര്‍-റഹ്‌മാന്‍ അഷ്റഫി എന്ന ബംഗ്ലാദേശി പൗരന്‍ വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പശ്ചിമ ബംഗാളില്‍ താമസിക്കുകയും വിദേശയാത്രകള്‍ നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.
മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിലും ഈ ശൃംഖലയ്‌ക്ക് പങ്കുണ്ടെന്ന് ഇഡി കണ്ടെത്തി. ഒരു ബംഗ്ലാദേശി യുവതിയെ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വ്യാജ ആധാര്‍ കാര്‍ഡ് നല്‍കി ഒരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
റെയ്ഡിനിടെ പശ്ചിമ ബംഗാളിലെ ഒരു സെമിനാരിയില്‍ നിന്ന് 40 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ താനിയ മൊണ്ടാല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴികളും പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കി ഈ മാഫിയയുടെ അന്തര്‍ദേശീയ ബന്ധങ്ങള്‍ ഉള്‍പ്പെടെ ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.