എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടൺ: അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (FBI) മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ജഗ്ഗു ഭഗവാൻപുരിയ  കുറ്റകൃത്യ സംഘത്തിലെ അംഗം നിതീഷ് കൗശലാണ് അറസ്റ്റിലായത്. ‘ലാല’ എന്ന പേരിലും അറിയപ്പെടുന്ന ഇയാളെ ജൂലൈ 16-ന് അമേരിക്ക-കാനഡ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്.

ദിവസങ്ങളോളം ഫെഡറൽ ഏജൻസികളെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു നിതീഷ്.   മൊബൈൽ ഫോൺ അടക്കം ഉപയോഗിക്കാതെയാണ് ഇയാൾ ജീവിച്ചത്. വെർമോണ്ടിലെ ഒരു വീട്ടിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് നിർണ്ണായകമായത്. വിരലടയാള പരിശോധനയിലൂടെയാണ് നിതീഷ് കൗശൽ ആണെന്ന്  എഫ്ബിഐ സ്ഥിരികരിച്ചത്.

44 പേജുള്ള കുറ്റപത്രത്തിൽ നിതീഷ് കൗശൽ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച ജഗ്ഗു ഭഗവാൻപുരിയ ക്രൈം സംഘത്തിന് അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലായി വ്യാപക ശൃംഖലയുണ്ടെന്നാണ് എഫ്ബിഐയുടെ കണ്ടെത്തൽ.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, പിരിവ്, ആയുധക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്. ലോകമെമ്പാടുമായി ആയിരത്തിലധികം അംഗങ്ങളും അനുയായികളും ഈ സംഘത്തിനുണ്ടെന്നും അമേരിക്കയിൽ മാത്രം നൂറിലധികം അംഗങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.

പ്രതിയെ ജാമ്യത്തിൽ വിട്ടാൽ വീണ്ടും ഒളിവിൽ പോകാനും സമൂഹത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്നും  വിചാരണ കഴിയുന്നതുവരെ ജയിലിൽ അടക്കണമെന്നും ഫെഡറൽ പ്രോസിക്യൂട്ടർമാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share