സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: വരുമാനമില്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ പ്രതിമാസം ജീവനാംശം നൽകണമെന്ന് ചവറ കുടുംബകോടതിയുടെ ശ്രദ്ധേയ ഉത്തരവ്. തൊടിയൂർ സ്വദേശിക്കാണ് മാസം 2,500 രൂപ വീതം ജീവനാംശമായി നൽകാൻ കുടുംബകോടതി ജഡ്ജി കെ.എസ്. ബെവീന നാഥ് ഉത്തരവിട്ടത്.

2020 മുതൽ ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. തുടർന്ന് കോടതി വിവാഹമോചനം അനുവദിച്ചു. ദാമ്പത്യജീവിതത്തിലെ കടമകൾ നിർവഹിക്കാതെ ഭാര്യ ഉപേക്ഷിച്ചെന്നും, സ്വന്തമായി വരുമാനമോ സ്വത്തോ ഇല്ലാത്തതിനാൽ ജീവനാംശത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിരുദവും ബി.എഡും യോഗ്യതയുമുള്ള മുൻ ഭർത്താവ് കോടതിയെ സമീപിച്ചത്.

മുൻ ഭർത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് തെളിയിക്കാൻ മുൻ ഭാര്യക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെയാണ് പ്രതിമാസം 2,500 രൂപ ജീവനാംശമായി നൽകാൻ കോടതി ഉത്തരവിട്ടത്.

ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. മൂത്തമകളുടെ വിവാഹം കഴിഞ്ഞു. ഇളയമകൾ നിലവിൽ മുൻ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്.

Share