തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സമയം അനുവദിച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക.
സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഉയർത്തിയ പ്രതിഷേധത്തെ തുടർന്നാണ് കോൺഗ്രസിനുള്ളിൽ വിവാദം ശക്തമായത്. ഇതിന് പിന്നാലെ കെപിസിസി നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെട്ടതായാണ് വിവരം.
പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകാതിരിക്കാൻ വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. പാർട്ടി വക്താക്കൾ ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
വിമർശനങ്ങൾ പൊതുവേദികളിലല്ല, പാർട്ടിക്കുള്ളിൽ മാത്രം ഉന്നയിക്കണമെന്നും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം ഇടപെടുമെന്നും പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ചയ്‌ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചത്.















