ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിന്റെ ടോട്ടല്‍ ഫുട്‌ബോളിന് മുന്നില്‍ അര്‍ജന്റീന പതറിയപ്പോള്‍, ഗോള്‍വലക്ക് മുന്നില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ എമിലിയാനോ മാര്‍ട്ടിനസിനെയാണ് ലോകം കണ്ടത്. ഒടുവില്‍ സ്‌പെയിന്‍ 1-0ന് ലോകകപ്പ് കിരീടം നേടിയെങ്കിലും, ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ ഏറ്റവും വലിയ കൈയടി സ്വന്തമാക്കിയത് അര്‍ജന്റീനന്‍ ഗോള്‍കീപ്പറായ ‘എമി’യായിരുന്നു. മത്സരത്തില്‍ 11 സേവുകളുമായി എമി ലോകകപ്പ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു.
ഫിഫ 1966 മുതല്‍ മത്സരങ്ങളുടെ ഔദ്യോഗിക കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള 60 വര്‍ഷത്തിനിടെ ലോകകപ്പ് ഫൈനലില്‍ ഒരു ഗോള്‍കീപ്പര്‍ നടത്തിയ ഏറ്റവും കൂടുതല്‍ സേവുകളാണിത്. ഫൈനലില്‍ ഇത്രയും സേവുകള്‍ നടത്തിയ മറ്റൊരു ഗോള്‍കീപ്പറില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സ്‌പെയിന്‍ അര്‍ജന്റീനന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. പന്തടക്കത്തിലും ആക്രമണത്തിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് താരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി ഗോള്‍ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഓരോ തവണയും മതിലായി മാറിയത് എമിലിയാനോ മാര്‍ട്ടിനസായിരുന്നു.
പൗ കുബാര്‍സി, നിക്കോ വില്യംസ്, ദാനി ഒല്‍മോ, ബയേന എന്നിവരുടെ ദൂരപ്രഹരങ്ങള്‍ പറന്ന് രക്ഷപ്പെടുത്തിയ മാര്‍ട്ടിനസ്, ലാമിന്‍ യമാലിന്റെ അപകടകരമായ ഡിഫ്ലെക്ടഡ് ഷോട്ടും അസാധ്യമായ ഡൈവിങിലൂടെ പുറത്തേക്ക് തട്ടിയകറ്റി. ബോക്‌സിനുള്ളില്‍ നിന്നുള്ള സ്‌പെയിനിന്റെ ഹെഡ്ഡറുകളും ശക്തമായ ഷോട്ടുകളും പോലും എമിയുടെ കൈകളില്‍ സുരക്ഷിതമായി. മത്സരത്തിന്റെ നിര്‍ണായക നിമിഷം ഇഞ്ചുറി ടൈമിലായിരുന്നു. എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ അര്‍ജന്റീനയെ സ്‌പെയിന്‍ പൂര്‍ണമായും വളഞ്ഞു.
അപ്പോഴാണ് 22 വാര അകലെ നിന്ന് ലാമിന്‍ യമാല്‍ എടുത്ത ഫ്രീകിക്ക് നേരെ വലയുടെ ടോപ്പ് കോര്‍ണറിലേക്ക് വളഞ്ഞെത്തിയത്. സ്റ്റേഡിയം മുഴുവന്‍ ഗോള്‍ ഉറപ്പിച്ച നിമിഷം, വായുവിലേക്ക് പറന്നുയര്‍ന്ന മാര്‍ട്ടിനസ് വിരല്‍ത്തുമ്പുകൊണ്ട് പന്ത് തട്ടിയകറ്റി. ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സേവുകളിലൊന്നായി വിലയിരുത്തപ്പെടുന്ന രക്ഷപ്പെടുത്തലായിരുന്നു അത്. ആ സേവ് കൊണ്ടാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
എന്നാല്‍ എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസിന്റെ ഷോട്ടിന് മുന്നില്‍ ഒടുവില്‍ എമിക്കും കീഴടങ്ങേണ്ടി വന്നു. ആ ഒരൊറ്റ ഗോള്‍ മതി സ്‌പെയിന് രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍. ലോകകപ്പിന് തൊട്ടുമുമ്പ് തന്നെ മാര്‍ട്ടിനസിന്റെ കൈവിരലില്‍ പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ച് വേദനസംഹാരികള്‍ കഴിച്ചാണ് താരം ലോകകപ്പില്‍ കളിച്ചത്. ടീമിനുവേണ്ടിയുള്ള ആ സമര്‍പ്പണം ഫൈനലിലെ പ്രകടനത്തിലും വ്യക്തമായി.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീടനേട്ടത്തിന് നിര്‍ണായക പങ്കുവഹിച്ച ഗോള്‍ഡന്‍ ഗ്ലൗ ജേതാവായ എമി, ഇത്തവണ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത ഗോള്‍കീപ്പര്‍ പ്രകടനങ്ങളിലൊന്ന് സമ്മാനിച്ചാണ് മടങ്ങുന്നത്. തോല്‍വി അര്‍ജന്റീനയുടേതായിരുന്നെങ്കിലും, ലോക ഫുട്‌ബോളിന്റെ ബഹുമാനവും ആരാധകരുടെ കൈയടിയും സ്വന്തമാക്കിയത് ഗോള്‍വല കാത്ത ആ പോരാളി തന്നെയായിരുന്നു.